Latest News

സർ, മുൻഗാമികളുടെ ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ...

Editor Desk 1 2018-12-28 15:17:26 pk-Kunhalikutty-Parliament-triple-Talaq-Bill
തികച്ചും ശുഭോദർക്കമായി പറയട്ടെ, അവിടെ ചിലപ്പോൾ പാശ്ചാതല രാഷ്ട്രീയം മെനയാൻ അങ്ങേയ്ക്ക് കഴിഞ്ഞേക്കും. പക്ഷേ, കുഞ്ഞാലിക്കുട്ടി എന്ന 'ക്രൗഡ് പുള്ളർക്ക്' അഭികാമ്യം സംസ്ഥാന രാഷ്ട്രീയമാണ്. പ്രാദേശിക രാഷ്ട്രീയത്തിന്റെ ചാണക്യ തന്ത്രങ്ങൾ കൊണ്ട് മാത്രം ഇന്ദ്രപ്രസ്ഥത്തിൽ നിൽക്കാനാവില്ല. ഇന്നലെയുണ്ടായ നിസ്സംഗത അക്ഷന്തവ്യം എന്ന് പറയാതെ വയ്യ.

തയ്യാറാക്കിയത്:

നിഷാൻ പരപ്പനങ്ങാടി 

1984 ൽ മാഡം ഇന്ദിരാജിയാണ് മർഹൂം ഇ. അഹമ്മദ് സാഹിബിനെ അവരുടെ പ്രതിനിധിയായി ജി.സി.സി രാജ്യങ്ങളിലേക്ക് അയച്ചത്. സോണിയ ഗാന്ധി വരെയുള്ള കോൺഗ്രസ് നേതാക്കളുടെ കാലഘട്ടത്തിനിടക്ക്  ഇരുപത്തേഴ് തവണയാണ് അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു യു.എൻ.ഒ യിൽ പ്രസംഗിച്ചത്. അഹമ്മദ് സാഹിബിന്റെ പ്രധാന കഴിവുകളിൽ ഒന്നായി ഗണിക്കപ്പെട്ടിരുന്നത്, ഏതൊരു കാര്യവും പൊടുന്നനെ ഗ്രഹിക്കാനും കുറഞ്ഞ വാക്കുകളിൽ കൂടുതൽ അർത്ഥം നൽകി മറുപടി പറയാനുമുള്ള ബഹുഭാഷാ ചാരുതിയാണ്.

പറഞ്ഞു വന്നത് സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും പല അർത്ഥത്തിലും രണ്ടാണ്. തനിക്കുള്ള വ്യക്തി ബന്ധങ്ങളെ സമർത്ഥമായി ഉപയോഗിക്കുന്നതിനാണ് സംസ്ഥാന രാഷ്ട്രീയം ഊന്നൽ നൽകുന്നതെങ്കിൽ, തൻ്റെ വ്യക്തി പ്രഭാവം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് ദേശീയ രാഷ്ട്രീയം. അവിടെ നിലപാടുകൾ ആർജവത്തോടെ പറയാനുള്ള വാക്ഗാംഭീര്യം വേണം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ വസ്തുതകളുടെ അകമ്പടിയോടെ അവതരിപ്പിക്കാനും ഭൂഷണമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ എഴുന്നേറ്റു നിന്ന് "നോ" പറഞ്ഞു ബനാത്ത് വാലക്കും സേട്ടു സാഹിബിനും പോക്കർ സാഹിബിനും രണ്ടാം ജന്മം നൽകാനുമാവണം. ചുരുക്കിപ്പറഞ്ഞാൽ, കവല പ്രസംഗങ്ങളല്ല  അവിടെ ആവശ്യം.

തികച്ചും ശുഭോദർക്കമായി പറയട്ടെ, അവിടെ ചിലപ്പോൾ പാശ്ചാതല രാഷ്ട്രീയം മെനയാൻ അങ്ങേയ്ക്ക് കഴിഞ്ഞേക്കും. പക്ഷേ, കുഞ്ഞാലിക്കുട്ടി എന്ന 'ക്രൗഡ് പുള്ളർക്ക്' അഭികാമ്യം സംസ്ഥാന രാഷ്ട്രീയമാണ്. പ്രാദേശിക രാഷ്ട്രീയത്തിന്റെ ചാണക്യ തന്ത്രങ്ങൾ കൊണ്ട് മാത്രം ഇന്ദ്രപ്രസ്ഥത്തിൽ നിൽക്കാനാവില്ല. ഇന്നലെയുണ്ടായ നിസ്സംഗത അക്ഷന്തവ്യം എന്ന് പറയാതെ വയ്യ.

കഴിഞ്ഞ ലോക്സഭാ  തെരഞ്ഞെടുപ്പ് വേളയിലും സ്ഥാനാർത്ഥിയായി അഹ്മദ് സാഹിബിനെ തെരഞ്ഞെടുത്തപ്പോൾ നീരസം തോന്നിയിരുന്നു. പക്ഷെ അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്ന് പിന്നീട് ബോധ്യമായി.

അഹ്മദ് സാഹിബിന്റെ ഒരു സ്മരണികയുടെ ആവശ്യാർഥം വിവരശേഖരണത്തിന്റെ ഭാഗമായപ്പോൾ ചില കാര്യങ്ങൾ കേൾക്കാനും വായിക്കാനും അറിയാനും സാധിച്ചതിന്റെ വെളിച്ചത്തിൽ പറയട്ടെ, ഇന്നലെ ഇ.ടി യുടെ ഇടിമുഴക്കത്തിന് കൂട്ടായി പാർലിമെന്റിനകത്ത് മർഹൂം എടപ്പകത്ത് അഹ്മദ് സാഹിബും ഒരു മിന്നൽപിണറായി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുവേള ആശിച്ചുപോയി.

ഇ.ടിക്കും തരൂരിനും അഭിനന്ദനങ്ങൾ, എൻ.കെ പ്രേമചന്ദ്രന് കുതിരപ്പവൻ..!!

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.