Latest News

മുസ്ലിം ലീഗും മൂന്നാം സീറ്റും പിന്നെ സാമുദായിക സന്തുലനവും

Editor Desk 1 2019-02-06 14:42:04 Muslim-League-seat-Issue
മുസ്‌ലിം ലീഗിന് കേരളത്തിൽ മൂന്നാം സീറ്റിന് അർഹതയുണ്ട്, ശക്തിക്കനുസരിച്ച് നാല് സീറ്റുകളിൽ അവകാശവുമുണ്ട്. എന്നാലും ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസിന് പരമാവധി സീറ്റുകൾ ലഭിക്കേണ്ടതുണ്ട്.. ആഹാ, നല്ലൊരു ആശയം. കേൾക്കുമ്പോൾ സത്യവും ന്യായവും തോന്നുന്ന ആവശ്യം.

മുസ്‌ലിം ലീഗിന് കേരളത്തിൽ മൂന്നാം സീറ്റിന് അർഹതയുണ്ട്, ശക്തിക്കനുസരിച്ച് നാല് സീറ്റുകളിൽ അവകാശവുമുണ്ട്. എന്നാലും ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസിന് പരമാവധി സീറ്റുകൾ ലഭിക്കേണ്ടതുണ്ട്. ആഹാ, നല്ലൊരു ആശയം. കേൾക്കുമ്പോൾ സത്യവും ന്യായവും തോന്നുന്ന ആവശ്യം.

കോൺഗ്രസിന് എംപിമാരുടെ എണ്ണം കൂട്ടാൻ മുസ്‌ലിം ലീഗ് വിട്ടു വീഴ്ച ചെയ്യണമത്രെ.കേരളത്തിൽ മാത്രം പയറ്റി ജയിക്കുന്ന സൂത്രമാണിത്. നാല്പത് വർഷമായി തുടരുന്ന ഒരു ആചാരമാണ് കേരളത്തിലെ മുന്നണി ബന്ധം.. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുന്നണി സംവിധാനങ്ങൾ എന്ന തിരിച്ചറിവ് കേരളത്തിലെ യുഡിഎഫ് ഘടകകക്ഷികൾക്ക് നല്ലതാണ്.. 1984 ൽ 404 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിടത്ത് കൃത്യം 30 വർഷം കഴിഞ്ഞപ്പോൾ 44 സീറ്റായി കുറഞ്ഞതൊന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ തലക്കനത്തിന് കുറവ് വരുത്തിയിട്ടില്ല..

1977 വരെ കോൺഗ്രസ് ഭരിച്ചിരുന്ന പശ്ചിമ ബംഗാളിലെ കോൺഗ്രസുകാരിയായ മമതാ ബാനർജി 1998 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു.. കൃത്യമായ സംഘടനാ പ്രവർത്തനങ്ങൾക്കൊടുവിൽ വെറും കയ്യോടെ ഇറങ്ങിയ മമത ബാനർജിയുടെ പുതിയ പാർട്ടി തൃണമൂൽ കോൺഗ്രസ് 2011 ൽ 34 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തി.. അപ്പോഴും കോൺഗ്രസ് അവിടെ അപ്രസക്തമാണ്..

ഉത്തർപ്രദേശ് ഒറ്റയ്ക്ക് ഭരിച്ചിരുന്ന കോൺഗ്രസിന് അവിടെ ഇപ്പോഴുള്ളത് 80 ൽ 2 ലോക്സഭാ സീറ്റുകൾ മാത്രം.. കർണ്ണാടക, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി വലിയ സംസ്ഥാനങ്ങളിൽ മുന്നണി ബന്ധം സ്ഥാപിക്കപ്പെടുന്നത് തെരഞ്ഞെടുപ്പിന് ശേഷമായത് കൊണ്ടുതന്നെ ഓരോ പാർട്ടിയുടെയും ശേഷി വിലയിരുത്തപ്പെടുന്നു.. കോൺഗ്രസ് പണ്ട് വലിയ പാർട്ടി ആയിരുന്നത് കൊണ്ട് എന്നും അങ്ങനെ ആകണമെന്നില്ല.. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പേരിന് പോലും ഇല്ലാത്ത അവസ്ഥയാണ്.. ഈ പറയപ്പെട്ട എല്ലാ സ്ഥലങ്ങളിലും പഴയ രീതിയിൽ തന്നെ മുന്നണി സംവിധാനവും സീറ്റ് വീതം വെപ്പും തുടരുകയായിരുന്നെങ്കിൽ കേരളത്തിലെ പോലെ ഘടകകക്ഷികളുടെ തോളിൽ ഇരുന്ന് അവിടങ്ങളിൽ ഇപ്പോഴും കോൺഗ്രസ് വാഴുമായിരുന്നു.. ശക്തി ക്ഷയം സംഭവിച്ച ഒരു പാർട്ടിയെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ ആകാവുന്നത്ര പരിശ്രമിക്കുകയും വിട്ടു വീഴ്ച ചെയ്യുകയും ചെയ്യുന്ന , യുഡിഎഫിൽ മലബാറിലെ ഒന്നാമത്തെ കക്ഷിയായ മുസ്‌ലിം ലീഗിനോട് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സമീപന രീതി 404 സീറ്റ് നേടി രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയ 1984 ൽ നിന്നും വ്യത്യസ്തമായിട്ടില്ല.. മറ്റു സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ചപ്പോൾ അന്നുവരെ വേണ്ടത്ര പരിഗണന ലഭിക്കാതിരുന്ന ഘടകകക്ഷികളും പുതിയ പാർട്ടികളും ഒറ്റയ്ക്ക് അധികാരത്തിൽ വന്ന സാഹചര്യങ്ങൾക്ക് നല്ല ഉദാഹരണങ്ങളാണ് ഉത്തർപ്രദേശും പശ്ചിമ ബംഗാളും തമിഴ്നാടും ഡൽഹിയും..

പാർട്ടി വളരണമെങ്കിൽ പണിയെടുക്കണം.. നേതാക്കൾ കൂടുതലും അണികൾ കുറവും എന്ന അവസ്ഥക്ക് മാറ്റം വരണം..

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാൻ സാധ്യതയില്ലാത്ത കേരളത്തിൽ ഇത്തവണ മുന്നണി സംവിധാനം ഇല്ലാതെ ഓരോ പാർട്ടികളും വെവ്വേറെ മത്സരിച്ച് ശക്തി തെളിയിക്കേണ്ടത് അത്യാവശ്യമാണ്..

അങ്ങനെയെങ്കിൽ നിലവിലെ സാഹചര്യത്തിൽ

കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ, തൃശൂർ, ഇടുക്കി, കൊല്ലം മണ്ഡലങ്ങളിൽ *CPIM* വിജയിക്കും..

വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മുസ്‌ലിം ലീഗ് വിജയിക്കും..

ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കും..

മറ്റു പാർട്ടികൾ സംപൂജ്യർ ആയിരിക്കും..

ഈ സൗഹൃദ മത്സരത്തിൽ നഷ്ടം കോൺഗ്രസിന് ആയിരിക്കും.. മലബാറിൽ കോൺഗ്രസ് സമ്പൂർണ്ണ പരാജയം ആയിരിക്കും.. ലാഭം CPIM നും.. നിയമസഭാ തെരഞ്ഞെടുപ്പാണെങ്കിൽ ഇതിലും കഷ്ടമായിരിക്കും കോൺഗ്രസിന്റെ സ്ഥിതി..

മുസ്‌ലിം ലീഗ് വളർച്ചക്കനുസരിച്ച് അധികം സീറ്റുകൾ ആവശ്യപ്പെടുമ്പോൾ കോൺഗ്രസിന് അത് സമുദായ സന്തുലനം തകർക്കുന്ന നടപടി ആകുന്നതിന്റെ ഗുട്ടൻസ് പിടികിട്ടുന്നില്ല.. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, സമുദായ സംഘടന അല്ല.. രാഷ്ട്രീയത്തിൽ ശക്തിക്കനുസരിച്ച് പരിഗണന ലഭിക്കേണ്ടതുണ്ട്.. മുസ്‌ലിം ലീഗിന് അധിക സീറ്റ് അവകാശമുണ്ടെന്ന് പറയുന്ന കോൺഗ്രസ് പക്ഷേ അത് വകവെച്ച് നൽകാതിരിക്കാൻ പറയുന്ന കാരണം അതിവിചിത്രമാണ്.. കോൺഗ്രസിലെ ഹിന്ദു മതവിശ്വാസികൾ ബിജെപിയിലേക്ക് പോകുമത്രെ.. ഇതാണോ ഇത്ര നാളും കോൺഗ്രസ് പാർട്ടി അതിന്റെ അണികൾക്ക് നൽകിയ രാഷ്ട്രീയ വിദ്യാഭ്യാസം..? ഇതാണോ കോൺഗ്രസിന്റെ മതേതരത്വം...? മുസ്‌ലിം ലീഗിന്റെ അണികളുടെ അധ്വാനം വേണം, വോട്ട് വേണം, പക്ഷേ അർഹമായ സ്ഥാനം തിരിച്ചു കൊടുത്താൽ തകരുന്നതാണോ കോൺഗ്രസിന്റെ പാർട്ടീ അടിത്തറ...?

മുസ്‌ലിം ലീഗിന് നൽകേണ്ടത് പാർട്ടി എന്ന നിലയിൽ ആണ്.. സമുദായ സംഘടന എന്ന അർത്ഥത്തിൽ അല്ല.. ആ തിരിച്ചറിവ് ഉണ്ടെങ്കിൽ ഒരു ആശങ്കയും നിലനിൽക്കില്ല..

ഇനി സാമുദായികമായി കണക്കാക്കിയാൽ കേരളത്തിലെ 28 % വരുന്ന മുസ്‌ലിംകൾക്ക് 6 ലോക്സഭാ സീറ്റുകൾ വരെ ആവശ്യമാണ്.. സീറ്റുകൾ ജാതി മത പരിഗണനയിൽ വീതം വെക്കുന്ന കോൺഗ്രസ് കാലങ്ങളായി തോൽക്കുന്ന സീറ്റായ കാസർകോട് മാത്രമാണ് മുസ്‌ലിം സ്ഥാനാർത്ഥിയെ നിർത്താറ്.. വയനാട് മണ്ഡലം രൂപീകരിച്ചതിനാൽ കഴിഞ്ഞ രണ്ടു തവണ അവിടെയും ഒരു മുസ്‌ലിം സ്ഥാനാർത്ഥി ഉണ്ടാകും.. വേറെ എവിടെയും കോൺഗ്രസ് മുസ്‌ലിം സമുദായത്തിനെ പരിഗണിക്കാറില്ല.. മുസ്‌ലിം ലീഗിന്റെ രണ്ട് പേർ ഉൾപ്പെടെ ആകെ മൂന്നു പേരാണ് കേരളത്തിലെ 20 പേരിൽ മുസ്‌ലിംകൾ ആയിട്ടുള്ളത്.. തൃശൂർ ജില്ലയിലെ രണ്ട് മണ്ഡലങ്ങളായ ചാലക്കുടി, തൃശൂർ എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്ന് കൃസ്ത്യാനിക്കും മറ്റൊന്ന് ഹിന്ദുവിനും എന്ന നിലയിൽ ആണ് വീതം വെപ്പ്.. ഈ രണ്ട് സമുദായങ്ങൾക്ക് മാത്രമാണ് തിരുകൊച്ചി ഭാഗങ്ങളിൽ കോൺഗ്രസിന്റെ വീതം വെപ്പ്.. എന്നാൽ ജനസംഖ്യാ അനുപാതത്തിന് തുല്യമായ പരിഗണന മലബാറിൽ മുസ്‌ലിം സമുദായത്തിന് നൽകാറുമില്ല.. 18% മാത്രമുള്ള കൃസ്ത്യാനികളാണ് 25% സീറ്റുകൾ കയ്യടക്കി വെച്ചിരിക്കുന്നത്.. 28% ഉള്ള മുസ്‌ലിം സമുദായത്തിന് പേരിൽ 15% മാത്രം.. ഇതൊന്നും ആരും ചർച്ച ചെയ്യില്ല.. 54% ഹിന്ദു മതവിശ്വാസികൾക്ക് 60% സീറ്റുകൾ ഉണ്ട്..

ഒരു ലോക്സഭാ മണ്ഡലം = 7 നിയമസഭാ മണ്ഡലം

എങ്കിൽ മുസ്‌ലിം ലീഗ്, കേരളാ കോൺഗ്രസ് പാർട്ടികൾക്ക് ഓരോ സീറ്റുകൾക്ക് അർഹതയുണ്ട്..

കോൺഗ്രസിന്റെ ആകെയുള്ള MLAs = 21
മുസ്‌ലിം ലീഗിന് 18 MLAമാരുണ്ട്

മലബാറിൽ കാസർകോട് ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞിട്ടില്ല.. കോഴിക്കോട് ജില്ലയിൽ 2001 ന് ശേഷമുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു.. ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് പ്രാതിനിധ്യം ലീഗിന്റെ കരുത്തിലാണ്.. മലബാറിലെ കോൺഗ്രസ് ജയിക്കുന്ന എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ ഒപ്പമോ അതിലപ്പുറമോ ശക്തമാണ്.. ആത്മാർത്ഥതയുള്ള കഠിനാധ്വാനികളായ മുസ്‌ലിം ലീഗിന്റെ അണികളാണ് അവിടങ്ങളിൽ കോൺഗ്രസിന്റെ വിജയത്തിന് നിദാനം.. എന്നാൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മിക്കവാറും കോൺഗ്രസുകാർ ലീഗ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാറില്ലെന്നത് വസ്തുതയാണ്..

കേന്ദ്രത്തിൽ കോൺഗ്രസിന്റെ ഏകപാർട്ടീ ഭരണം ആരും പ്രതീക്ഷിക്കുന്നില്ല.. അതുകൊണ്ട് തന്നെ അനർഹമായി കോൺഗ്രസിനെ സഹായിക്കേണ്ട ബാധ്യത മറ്റു പാർട്ടികൾക്കില്ല.. ഇരുപതിൽ പതിനാറ് മണ്ഡലങ്ങൾ കയ്യടക്കി വെക്കുന്ന കോൺഗ്രസ് രാഷ്ട്രീയ മാന്യത കാണിച്ച് ഘടകകക്ഷികളുടെ ശക്തിക്കനുസരിച്ച് സീറ്റ് വിഭജനം നടത്തണം.. അല്ലെങ്കിൽ ഘടകകക്ഷി സ്ഥാനാർത്ഥികളെ തെരെഞ്ഞു പിടിച്ചു കാലുവാരുന്ന കോൺഗ്രസ് നിലപാട് അവരും പയറ്റേണ്ടി വരും..

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വിവാദമാക്കിയതിന് പിന്നിൽ ഹിന്ദു ജാതി സംഘടനകളെയും സംഘപരിവാറിനെയും കടത്തി വെട്ടുന്ന തീവ്രനിലപാടാണ് മതം ഞങ്ങളുടെ അജണ്ടയിൽ അല്ലെന്ന് വീമ്പിളക്കുന്ന സിപിഎം നേതാക്കൾ സ്വീകരിച്ചത്. 72 എംഎൽഎമാരുള്ള ഒരു മുന്നണിയിൽ 20 പേരുള്ള മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾക്ക് രാഷ്ട്രീയമായി അർഹതയുണ്ട്. 38 പേരുള്ള കോൺഗ്രസിന് മുഖ്യമന്ത്രി പദം, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങി 13 ക്യാബിനറ്റ് പദവികളുണ്ടായിരുന്നു. 9 പേരുള്ള മാണിക്ക് മൂന്ന് ക്യാബിനറ്റ് പദവികളുണ്ടായിരുന്നു. എൽഡിഎഫ് മന്ത്രിസഭയിൽ മുസ്‌ലിം പ്രാതിനിധ്യം രണ്ടിൽ കൂടാറില്ല.. ജനസംഖ്യയിൽ 28 % മുസ്‌ലിം സമുദായത്തിന് നിലവിൽ 10% മാത്രമാണ് അവസരം ലഭിക്കുന്നത്.. ‘സാമുദായിക സന്തുലനം’ എന്ന വാദഗതി ഉയർത്തുന്ന കോൺഗ്രസ്, സിപിഎം പാർട്ടികൾ ഹിന്ദുക്കളെ കുറിച്ചും കൃസ്ത്യാനികളെ കുറിച്ചും അവരുടെ അനർഹമായ ആനുകൂല്യങ്ങളെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചില്ല.. തിരുകൊച്ചി ഭാഗത്ത് വിവിധ പാർട്ടികളിൽ നിന്നും എത്രയോ കാലമായി അനുപാതത്തിൽ കൂടുതൽ കൃസ്ത്യാനികൾ പ്രതിനിധികളാകുന്നു.. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ മിക്കവാറും കൃസ്ത്യാനികളാണ്.. ഈ മന്ത്രിസഭയിൽ 80% പേരും ഹിന്ദു വിഭാഗത്തിൽ പെടുന്നവരാണ്.. അതിലൊന്നും ആരും വർഗീയത കാണുന്നില്ല.. ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, സമുദായ സംഘടന അല്ല.. രാഷ്ട്രീയത്തിൽ ശക്തിക്കനുസരിച്ച് പരിഗണന നിർബന്ധമാണ്.. അതിൽ വർഗീയത പറയേണ്ട.. ബിജെപി മുതലെടുപ്പിന് ശ്രമിക്കുമെന്ന് പറഞ്ഞ് ലീഗിനെ അടക്കിനിർത്താൻ ഇനിയും നിന്ന് കൊടുക്കരുത്.. ഇതുവരെ രാജ്യസഭയിലേക്ക് ഒരു മുസ്‌ലിമിനെ കോൺഗ്രസ് അയച്ചിട്ടില്ല.. അതൊന്നും ആർക്കും ഒരു വിഷയമേയല്ല.. 2009 ൽ ഷാനവാസ് ജയിച്ചതിന് മുൻപ് ഒരേയൊരിക്കൽ മാത്രമാണ് 1984 ൽ ഒരു മുസ്‌ലിം എംപി തലേക്കുന്നിൽ ബഷീർ പാർലമെന്റിൽ എത്തിയത്.. ന്യായമായ ആവശ്യങ്ങൾ ചോദിക്കാൻ മടിക്കരുത്..

കേരളത്തിലെ മുസ്‌ലിം വിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കുറേക്കൂടി മെച്ചപ്പെട്ട പ്രാതിനിധ്യം എല്ലാ തലങ്ങളിലും കാഴ്ച വെക്കുന്നത് കോൺഗ്രസിലേയും സിപിഎമ്മിലേയും മതേതറ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതാണ് വസ്തുത.. അല്ലാതെ ജനസംഖ്യാ അനുപാതത്തിൽ കൂടുതൽ അനർഹമായി മുസ്‌ലിംകൾക്ക് ലഭിക്കുന്നില്ല എന്ന് അറിയാത്തത് കൊണ്ടല്ല.

തയ്യാറാക്കിയത്:

സാലിഹ് വാഫി കൊടുങ്ങല്ലൂർ 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.