Latest News

ജെ.എൻ.യു ഒരു ചെറിയ കാര്യമല്ല, എന്റെ വയസ്സ് 35 അല്ല;32. തിരിച്ചടിച്ച് മുഹ്‌സിൻ

Editor Desk 1 2018-12-13 13:44:29 Muhammed-Muhsin-Firos-Jnu
യുവജനയാത്രയുടെ പട്ടാമ്പി സ്വീകരണത്തിൽ ഫിറോസ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ യെ കണക്കിന് വിമർശിച്ചിരുന്നു

പട്ടാമ്പി: യുവജനയാത്രക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിന് നേരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഹ്‌സിൻ രംഗത്തെത്തി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഫിറോസിന് മറുപടി നൽകിയും ഒപ്പം ഫിറോസിനെ ട്രോളിയും മുഹ്‌സിൻ എത്തിയത്.

 ജെ.എൻ.യു സമരത്തിൽ മുഖം കാണിച്ചതാണ് മുഹ്‌സിൻ എം.എൽ.എ ആവാൻ ഗുണമായതെന്നു ഫിറോസ് കഴിഞ്ഞ ദിവസം പ്രസംഗ മധ്യേ പറഞ്ഞിരുന്നു. ആ വിമര്‍ശനത്തിന്  മുഹമ്മദ് മുഹ്സിന്‍റെ  മറുപടി ഇങ്ങനെ: "ആദ്യം അവിടെ അഡ്മിഷൻ കിട്ടണം. പിന്നെ സമരം നടത്തണം. സമരം എന്ന് പറയുമ്പോൾ യൂത്ത് ലീഗ് നടത്തുന്ന പോലത്തെ രണ്ടാളുള്ള സമരമല്ല. ദേശീയ മാധ്യമങ്ങൾ മുഴുവൻ തത്സമയം മണിക്കൂറുകളോളം റിപ്പോർട്ട് ചെയ്യുന്ന സമരം. ലീഗ് ഉണ്ടായതിന് ശേഷം അങ്ങനെ ഒന്ന് നടത്തീട്ടുണ്ടോ എന്ന് അറിയാവുന്ന ആരോടെങ്കിലും ചോദിക്കുന്നത് നന്നായിരിക്കും," 

തന്റെ വയസ്സ് 35 അല്ല;32 ആണെന്നും മുഹ്‌സിൻ പോസ്റ്റിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

'ലോക്സഭാതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തരത്തിൽ ഒരു സീറ്റ് ഒപ്പിക്കാൻ വേണ്ടി മാത്രം മന്ത്രി ജലീലിനുനേരെ കുതിര കയറുമ്പോൾ, പ്രസംഗത്തിൽ പറയാനുള്ള കാര്യങ്ങളെങ്കിലും ഒന്ന് വായിക്കാമായിരുന്നു. രാഹുൽഗാന്ധിയുടെ മുത്തച്ഛൻ മഹാത്മാ ഗാന്ധിയാണെന്ന് യൂത്ത് ലീഗിൻറെ ജനറൽ സെക്രട്ടറി!. അത് കേട്ട് ആവേശം മൂത്ത് ആവേശത്തോടെ കൈയടിക്കുന്ന കുറേ അണികൾ. രാജീവ് ഗാന്ധിയുടെ ശരീരം ചിന്നിച്ചിതറിയത് കോയമ്പത്തൂരിൽ അല്ലെന്നും അത് ചെന്നൈക്കടുത്ത് ശ്രീ പെരുമ്പത്തൂരിൽ ആണെന്നും ഇന്നാട്ടിലെ കൊച്ചു കുട്ടികൾക്കുവരെ അറിയാവുന്ന കാര്യമാണ്. അവിടെ രാജീവ് ഗാന്ധിയുടെ പേരിൽ യുവജനങ്ങളുടെ വികസനത്തിനായി ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നും യൂത്ത് ലീഗ് സെക്രട്ടറിക്ക് അറിയില്ലായിരിക്കും.

ഈ വിഡ്ഢിത്തങ്ങൾ വിളമ്പിയ പ്രസംഗത്തിൽ യൂത്ത് ലീഗ് സെക്രട്ടറി എനിക്ക് 35 വയസ്സായെന്നും ഇന്ന് വാർധക്യത്തിൽ ആണെന്നും, നിയമസഭയിൽ ഒന്നും ഉരിയാടുന്നില്ല എന്നും പറഞ്ഞു. എൻറെ പ്രായം 35 അല്ല 32 ആണ്. നിയമസഭക്ക് ചില നടപടിക്രമങ്ങൾ ഒക്കെ ഉണ്ട്. ആരൊക്കെ എപ്പോഴൊക്കെ സംസാരിക്കണം എന്ന നടപടിക്രമങ്ങൾ. ഭാവിയിൽ എപ്പോഴെങ്കിലും രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ആരാണെന്ന് ഫിറോസ് തിരിച്ചറിയുന്ന ഒരു കാലം വരികയും അന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു നിയമസഭയിൽ എത്തുകയും ചെയ്യുമ്പോൾ ഈ നടപടിക്രമങ്ങൾ ഫിറോസിന് മനസ്സിലാക്കാവുന്നതാണ്.


ഫിറോസ് പ്രസംഗത്തിൽ പറഞ്ഞ മറ്റൊരു കാര്യം, ജെഎൻയുവിലെ വീഡിയോയിൽ പെട്ടതു കൊണ്ടുമാത്രം പട്ടാമ്പിയിൽ വിജയിച്ച എംഎൽഎ ആണ് ഞാൻ എന്നാണ്. എന്റെ പൊന്നു ഫിറോസെ, ജെ എൻ യു വിലെ ഫോട്ടോയിൽ, വീഡിയോയിൽ പെടുക എന്ന് പറയുന്നത് ചില്ലറകാര്യമൊന്നുമല്ല. അതിനു ആദ്യം അവിടെ അഡ്മിഷൻ കിട്ടണം. പിന്നെ സമരം നടത്തണം. സമരം എന്ന് പറയുമ്പോൾ യൂത്ത്ലീഗ് നടത്തുന്ന പോലത്തെ രണ്ടാളുള്ള സമരമല്ല. ദേശീയ മാധ്യമങ്ങൾ മുഴുവൻ തത്സമയം മണിക്കൂറുകളോളം റിപ്പോർട്ട് ചെയ്യുന്ന സമരം. ലീഗ് ഉണ്ടായതിന് ശേഷം അങ്ങനെ ഒന്ന് നടത്തീട്ടുണ്ടോ എന്ന് അറിയാവുന്ന ആരോടെങ്കിലും ചോദിക്കുന്നത് നന്നായിരിക്കും. ഇനി സമരം നടത്തുന്ന ഫിറോസിനെപ്പോലുള്ളവർ ഫോട്ടോയിൽ വന്നാലും രാജ്യസഭയിലൊക്കെ മുതലാളിമാർ തന്നെ ലീഗിനെ പ്രതിനിധീകരിച്ചു പോകുകയും ചെയ്യും. പിന്നെ ഞാൻ എംഎൽഎ ആയത് മുതലാളി ആയത് കൊണ്ടല്ല കേട്ടോ, പട്ടാമ്പിയിലെ ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയെയും, ജനാധിപത്യത്തെയും അംഗീകരിക്കാൻ എന്നാണ് നിങ്ങൾ പഠിക്കുക? പഠിക്കുമെന്ന് എനിക്കൊരിക്കലും വിശ്വാസമില്ല, കാരണം ചരിത്രബോധമില്ലാതെ എന്തു വിടുവായിത്തം വിളിച്ചു പറഞ്ഞാലും കയ്യടിക്കുന്ന അണികൾ ഉള്ളിടത്തോളം കാലം നിങ്ങളൊന്നും പഠിക്കുന്നുമില്ല, ഒന്നും പഠിപ്പിക്കുന്നുമില്ല.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.