Latest News

ബന്ധുനിയമനം: അസ്തമിച്ചത് ഇടതു പക്ഷത്തിന്റെ പൊന്നാനി മോഹം കൂടി

Editor Desk 1 2018-11-25 20:50:16 ktjaleel_relative_Appointment_Ponnani_Loksabha
കെ.ടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിച്ച് ലീഗ് കോട്ട പിടിക്കുക എന്ന ഇടത് സ്വപ്നം കൂടിയാണ് ബന്ധു നിയമന വിവാദത്തിലൂടെ അസ്തമിച്ചത്

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്  മന്ത്രി കെ.ടി ജലീലിന് നേരെ തൊടുത്ത് വിട്ട അനധികൃത ബന്ധു നിയമന വിവാദത്തിൽ തകർന്നടിഞ്ഞത് മന്ത്രി  കെ.ടി ജലീലിന്റെ പ്രതിച്ഛായ മാത്രമല്ല; ഇടതു പക്ഷത്തിന്റെ ഏറെ കാലത്തെ സ്വപ്നമായ പൊന്നാനി ലോക്സഭ മുസ്ലിം ലീഗിൽ നിന്ന് പിടിച്ചെടുക്കുക എന്ന സ്വപ്നം കൂടിയാണ്. 

2009 മുതൽ കണ്ണ് വെച്ച പൊന്നാനി ലോക്സഭാ മണ്ഡലം 2014 ലും പിടിക്കാൻ സി.പി.എംന് കഴിഞ്ഞില്ല. 2009 ൽ സുന്നി എ.പി വിഭാഗത്തിന്റെ സഹയാത്രികനായ ഡോ.ഹുസൈൻ രണ്ടത്താണിയെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാൻ ശ്രമിച്ചെങ്കിലും എമ്പത്തിഅയ്യായിരത്തിലധികം വോട്ടുകൾക്ക് മുസ്ലിം ലീഗ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ വിജയം വരിച്ചു. 2014 ൽ സി.പി.എം അടവ് മാറ്റിപ്പിടിച്ചു. കോൺഗ്രസ് ബന്ധമുണ്ടായിരുന്ന വി.അബ്ദുറഹ്മാനെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചു. ഫലം ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകൾക്ക് ഇ.ടി ബഷീർ  വീണ്ടും ലോക്സഭയിൽ.

എന്നാൽ കഴിഞ്ഞ 2016 നിയമസഭ ഫലം ഇടത് പക്ഷത്തിന് പൊന്നാനി മോഹം വീണ്ടും സ്വപ്നം കാണാൻ ഊർജ്ജം പകർന്നിരുന്നു.പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ  ഉൾപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിൽ മുസ്ലിം ലീഗ് ന്റെ അടിത്തറ ഇളകി. പി.കെ അബ്ദുറബ്ബ് ഇടത് സ്വതന്ത്രൻ നിയാസ് പുളിക്കലകത്തിനോട് വിജയം നേടിയത് അയ്യായിരത്തിൽ പരം വോട്ടുകൾക്ക് മാത്രമാണ്. താനൂർ ലീഗിന് നഷ്ട്ടമായി. തിരൂരിൽ വോട്ട് വിഹിതം ലീഗിന് കുറഞ്ഞു. കോട്ടക്കലും വോട്ട് കുറഞ്ഞു. പൊന്നാനി ഇടത് പക്ഷം നിലനിർത്തി. തൃത്താല വി.ടി ബൽറാം നിലനിർത്തി. തവനൂർ കെ.ടി ജലീൽ നിലനിർത്തി. ഈ തെരെഞ്ഞെടുപ്പ് ഫലം ഇടത് പക്ഷത്തിന് പൊന്നാനി പിടിക്കാൻ ആത്മവിശ്വാസം പകർന്നിരുന്നെങ്കിലും സ്ഥാനാർഥി കൂടി നിർണായകമാണെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടി ഇരുന്നത്.

അങ്ങിനെ എങ്കിൽ 2019 ലോക്സഭ ഇലക്ഷനിൽ പൊന്നാനിയിൽ നിന്ന് ഇടത് സ്ഥാനാർത്ഥിയായി കെ.ടി ജലീലിനെ മത്സരിപ്പിക്കുമെന്നാണ് സൂചന ഉണ്ടായിരുന്നത്. അതിന്റെ ഭാഗമായിട്ടാവണം മന്ത്രിയായ ജലീലിൽ നിന്ന് പ്രധാന വകുപ്പുകൾ എടുത്ത് കളഞ്ഞത് എന്ന് ക രുതാൻ. ഇത്തരത്തിൽ പൊന്നാനി മണ്ഡലത്തിൽ ഏറെക്കുറെ സജീവമായി നിന്നിരുന്ന സമയത്താണ് ബന്ധു നിയമന വിവാദം ഉയരുന്നത്.  നിരവധി തെളിവുകൾ പുറത്ത് വിട്ട യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പോലും മന്ത്രി ജലീലിന് സാധിച്ചില്ല എന്നതും ശക്തമായ പ്രധിഷേധം പൊതു സമൂഹത്തിൽ നിന്ന് ഉയർന്നതും കെ.ടി  ജലീലിന്റെ പ്രതിച്ഛായ തകർത്തിട്ടുണ്ട്. കൂടാതെ മലപ്പുറത്ത് നടന്ന സി.പി.എം പൊതു സമ്മേളനത്തിൽ പാണക്കാട് തങ്ങളെയും ഇ.കെ വിഭാഗം സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെയും പ്രസംഗത്തിൽ പേരെടുത്ത് പറഞ്ഞതും സുന്നി വിഭാഗത്തിനിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

ഇത്തരം ഒരു സാഹചര്യത്തിൽ ഇനി പൊന്നാനിയിൽ കെ.ടി ജലീലിനെ മത്സരിപ്പിക്കാനാവില്ല എന്ന വിലയിരുത്തലിലാണ് ഇടത് കേന്ദ്രങ്ങൾ. എന്നാൽ പൊന്നാനി ലോക്സഭ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പി.കെ കുഞ്ഞാലിക്കുട്ടി എത്തുമെന്നാണ് ലീഗ് വൃത്തങ്ങൾ നൽകുന്ന സൂചന.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.