Latest News

'നന്ദി ആരോടു ഞങ്ങൾ ചൊല്ലേണ്ടു'

Editor Desk 1 2018-12-05 14:44:42 calicut-airport-saudi-Airlance-Flag-off
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് സൗദി എയർലൈൻസ് വിമാനത്തിന് വാട്ടർ സല്യൂട് നൽകി സ്വീകരിച്ചു

മലബാറിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടി 1988 ഏപ്രിൽ 13ന് സ്ഥാപിക്കപ്പെട്ട കരിപ്പൂർ എയർപോർട്ടിന് നേരെ  2014 ൽ ആണ് റൺവേ തകരാർ ഉന്നയിച്ച് കൊണ്ട് ഉദ്യോഗസ്ഥ-ഭരണകൂട ഗൂഡാലോചന ആരംഭിച്ചത്. 2015 ൽ വിമാനത്താവളം ആദ്യം ഭാഗികമായി അടക്കുകയും പിന്നീട് ജംബോ വിമാനങ്ങളടക്കം നിർത്തലാക്കുന്നതടക്കമുള്ള ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. 

ഹജ്ജ്-ഉംറ തീർത്ഥാടകരുടെയും  പ്രവാസി യാത്രികരുടെ എണ്ണം കൊണ്ട് രാജ്യത്തെ തന്നെ മുൻനിര വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. അതുകൊണ്ട് തന്നെ കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകൊടിഞ്ഞ നാൾ മുതൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിച്ചത് മലബാറിൽ നിന്നുള്ള തീർത്ഥാടകരും പ്രവാസികളുമടങ്ങുന്ന ജനവിഭാഗമാണ്. തുടർന്ന് നെടുമ്പാശേരി  അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് യാത്രക്കാർ ആശ്രയിച്ചിരുന്നത്.

കരിപ്പൂരിന് നേരെ ഗൂഢാലോചന തുടങ്ങിയ നാൾ മുതൽ തന്നെ ഉദ്യോഗസ്ഥ രംഗത്തും വ്യോമയാന മന്ത്രാലയത്തിലും നിരന്തരമായ ഇടപെടൽ നടത്തിക്കൊണ്ട് അന്നത്തെ സ്ഥലം എം.പിയും മുൻ കേന്ദ്ര വിദേശ കാര്യ മന്ത്രിയുമായിരുന്ന ഇ.അഹമ്മദ് മുന്നിലുണ്ടായിരുന്നു. തന്റെ മരണത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർലിമെന്റിൽ ഉന്നയിച്ച വിഷയങ്ങളിൽ ഒന്ന് കരിപ്പൂർ വിഷയമായിരുന്നു. തുടർന്ന് മലപ്പുറത്ത് നിന്ന് പാർലമെന്റിലെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയും നിരവധി തവണ വ്യോമയാന മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ വിഷയം കൊണ്ട് വന്നിരുന്നു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സും മുസ്ലിം യൂത്ത് ലീഗും ഇടത് സംഘടനകൾ  ഉൾപ്പെടെയുള്ള മത-രാഷ്ട്രീയ-സന്നദ്ധ സംഘടനകളും നേതാക്കളും കരിപ്പൂർ വിമാനത്താവള വിഷയം നിരന്തരം ഉന്നയിക്കുകയും സമര-പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു. കോഴിക്കോട് എം.പി എം.കെ രാഘവൻ, പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീർ, രാജ്യസഭാംഗം പി.വി അബ്ദുൽ വഹാബ് ഉൾപ്പെടെയുള്ള ജന പ്രതിനിധികളുടെ ഇടപെടലും ഈ 'കരിപ്പൂർ വിജയ'ത്തിന് കാരണമായിട്ടുണ്ട്.

മൂന്നര വർഷക്കാലത്തെ നിരന്തര പോരാട്ടത്തിന്റെയും ഇടപെടലിന്റെയും  വിജയമെന്നോണം  ഇന്ന് ആകാശ നീലിമയിലേക്ക് സൗദി എയർലൈൻസ് വിമാനം പറന്ന് ഉയർന്നപ്പോൾ പ്രവാസികളടക്കമുള്ള കരിപ്പൂരിന്റെ പ്രയോക്താക്കൾ ചോദിക്കുന്നത് ഒന്നാണ്;

'നന്ദി ആരോടു ഞങ്ങൾ ചൊല്ലേണ്ടു'


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.