Latest News

കറന്റ് മുതല്‍ കറിക്കുള്ളത് വരെ വിളയുന്ന കൈ..

Editor 2018-07-03 22:47:15 Solar local trend electricity
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് കെ.എസ്.ഇ.ബി ക്ക് നല്‍കുന്ന പ്രവാസി.

നിങ്ങള്‍ വൈദ്യുതി ബില്ലിനെ കുറിച്ച് ആശങ്കപ്പെടാറുണ്ടോ?പാചകവാതകവും കുടിവെള്ളവും തീരുന്നതിനെ കുറിച്ച് വേവലാതിപ്പെടാറുണ്ടോ?എങ്കില്‍ ഇതെല്ലാം വീട്ടില്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ.ഇവയെല്ലാം സ്വന്തമായി ഉല്‍പാദിപ്പിക്കുകയും ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നല്‍കുകയും ചെയ്യുന്ന ഒരാളെ പരിചയപ്പെടാം.

      മലപ്പുറം ജില്ലയിലെ   പെരുവള്ളൂര്‍ പാലപ്പെട്ടിപാറ സ്വദേശിയായ ചെമ്പന്‍ സൈതലവി എന്ന ബാവ തന്റെ 30 സെന്റ് പുരയിടത്തില്‍ തീര്‍ത്തിട്ടുള്ള പുത്തന്‍ പരീക്ഷണങ്ങളുടെ വിശേഷങ്ങള്‍ കേള്‍ക്കാം.

    മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ സ്ഥിര താമസമാക്കിയ ബാവ സ്വന്തം വീട്ടിലേക്കാവശ്യമായ വൈദ്യുതിയും പാചകവാതകവും ശുദ്ധജലവും സ്വന്തമായി ഉല്‍പ്പാദിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്.

                 അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വീടിന്റെ ടെറസിന് മുകളില്‍ മൂന്നര ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച  സോളാര്‍ പാനലിലൂടെ ദിനം പ്രതി 16 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുന്നുണ്ട്.ഈ വൈദ്യുതിയില്‍ വീട്ടിലെ ഉപയോഗം കഴിഞ്ഞു മിച്ചം വരുന്നത് കെ.എസ്.ഇ.ബി ക്ക് നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഇതിനായി കെ.എസ്.ഇ.ബി യുമായി ഈയടുത്ത കാലത്തായി ബന്ധപ്പെടുകയും ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.യൂണിവേഴ്സിറ്റി വൈദ്യുത സെക്ഷനു കീഴില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇത്. ബാവയെ പോലെ സോളര്‍ വഴി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവരെ കെ.എസ്.ഇ.ബിയുമായി അടുപ്പിക്കാനായി ഇതിനായുള്ള നടപടികള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് അധിക്യതര്‍.

       കേവലം സോളാറില്‍ തീരുന്നതല്ല ബാവയുടെ വിശേഷങ്ങള്‍.സമീപത്തുള്ള രണ്ട് മദ്രസകളിലെയും സ്വന്തം വീട്ടിലെയും ടെറസില്‍ വീഴുന്ന മഴവെള്ളം മുഴുവന്‍ ശേഖരിച്ച ശേഷം പ്രത്യേക രീതിയില്‍ ശുദ്ധീകരിച്ച് തന്‍െറ വീടിന്റെ പിന്‍വശത്തുള്ള 15000 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ സംഭരിക്കുന്നുണ്ട്.വേനല്‍കാലത്തെ ജലക്ഷാമത്തിന് ഈ സംവിധാനം വലിയ അളവില്‍ പരിഹാരം ആശ്വാസം നല്‍കുന്നു.

        വീടിന് പുറക് വശത്ത് ആറ് വര്‍ഷം മുന്‍പ് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റില്‍ നിന്നാണ് പാചകാവശ്യത്തിനുളള ഗ്യാസ് മുഴുവന്‍ ലഭിക്കുന്നത്.വീട്ടിലെ ജൈവമാലിന്യങ്ങളെ നല്ലരീതിയില്‍ സംസ്‌കരിച്ച് ഊര്‍ജ സ്രോതസാക്കി മാറ്റാന്‍ ഇതുവഴി സാധിക്കുന്നു.

       കര്‍ഷകനായ ചെമ്പന്‍ മുഹമ്മദ്കുട്ടി ഹാജിയുടെ എട്ട് മക്കളില്‍ ഒന്നാമനായ ബാവക്ക് ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള ക്യഷിയോടുള്ള താല്‍പര്യം മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ ശ്രദ്ധിച്ചാല്‍ മതി.വ്യത്യസ്തങ്ങളായ ഒട്ടനേകം ഔഷധ സസ്യങ്ങള്‍ അദ്ദേഹം വളര്‍ത്തുന്നുണ്ട്.അതോടൊപ്പം പ്ലാവ്,മാവ് എന്നിവയുടെ നിരവധി ഇനങ്ങളും ഉണ്ട്.വീടിനു മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ തേനീച്ചകളെ വളര്‍ത്തി സ്വാഭാവികമായ രീതിയില്‍  ശുദ്ധമായ തേനും അദ്ദേഹം ഉല്‍പാദിപ്പിക്കുന്നുണ്ട്.

             സ്വന്തം ആഗ്രഹപ്രകാരമാണ് തന്റെ വീട്ടുവളപ്പ് ഇത്തരത്തില്‍ സൃഷ്ടിച്ചെടുത്തത്.നാട്ടുകാര്‍ സ്നേഹത്തോടെ 'ബാവ' എന്ന് വിളിക്കുന്ന ചെമ്പന്‍ സൈതലവിയുടെ എല്ലാവിധ ആശയങ്ങള്‍ക്കും ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയുണ്ട്.

             പ്രവാസത്തിന് ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് ബാവ ഒരു പ്രചോദനമാണ്.ഒഴിവ് സമയം ഇത്തരം ന്യൂതന ആശയങ്ങള്‍ക്ക് വേണ്ടി ചിലവിടുന്നതിലൂടെ വരുമാനവും സ്വയംപര്യപ്തതയും നേടാം. സ്വന്തം വീട്ടിലേക്കുള്ള ഊര്‍ജം എല്ലാവരും സ്വന്തം നിലയില്‍ കണ്ടെത്തിയാല്‍ നാട്ടിലെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാമെന്നാണ് ബാവയുടെ പക്ഷം.പുതുതായി നിര്‍മിക്കുന്ന തന്റെ മകന്‍ ബഷീറിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും സോളാര്‍ പാനല്‍ സ്ഥാപിക്കാനൊരുങ്ങുന്ന അദ്ദേഹം ഭാവിയില്‍ കാറ്റാടി യന്ത്രം അടക്കമുള്ള പരീക്ഷണങ്ങളിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ചെമ്പന്‍ സൈതലവി എന്ന ബാവ 9747841457


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ അല്ല . വായനക്കാരുടേതു മാത്രമാണ്.